പ്രായം കുറഞ്ഞ RHCE ഹോള്‍ഡര്‍ കോട്ടയത്ത്

രജത് ജെയ്ക് മെന്‍ഡസ്. വയസ്സ് 11. കോട്ടയം എക്സല്‍ഷയര്‍ ഇംഗ്ലീഷ് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി. ഡോ. മെന്‍ഡസ് ജേക്കബിന്‍റെയും ബെനില മെന്‍ഡസിന്‍റെയും മകനായ രജത് മെന്‍ഡസ് ഇപ്പോള്‍ ഒരു RHCE ഹോള്‍ഡറാണ്! 2009 ജനുവരി 19-നാണ് രജത് ഏറ്റവും പ്രായം കുറഞ്ഞ റെഡ് ഹാറ്റ് സര്‍ട്ടിഫൈഡ് എഞ്ചിനീയറെന്ന ബഹുമതി കരസ്ഥമാക്കിയത്.

Rajat Jaic Mendusഗെയിമുകള്‍ കളിക്കാനുള്ള ഉപകരണം എന്ന നിലയില്‍ കമ്പ്യൂട്ടറിനെ കാണുന്ന കുട്ടികളുടെയിടയില്‍ രജത് ഇപ്പോള്‍ ഭിന്നനാണ്. ഓപ്പണ്‍സോഴ്സ് സാങ്കേതികവിദ്യയെക്കുറിച്ച് വായനയിലൂടെയും മറ്റുപാധികളിലൂടെയും മനസ്സിലാക്കിയ രജതില്‍ നെറ്റ്‌വര്‍ക്കിംഗിനെക്കുറിച്ച് പഠിക്കാന്‍ താല്പര്യം ജനിച്ചത് സ്വാഭാവികമായിരുന്നു. മകന്റെ താല്പര്യം മനസ്സിലാക്കിയ മാതാപിതാക്കള്‍ രജതിന് പ്രസ്തുത വിഷയത്തില്‍ പഠനം നടത്തുവാന്‍ അവസരം നല്കി. അങ്ങനെ കോട്ടയത്തെ ഐപിഎസ്ആറില്‍ പരിശീലനം നേടുകയും സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയ്ക്ക് ഹാജരാകുകയുമായിരുന്നു.

എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന ഈ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയില്‍ 48 ശതമാനത്തോളം മാത്രമേ വിജയനിരക്ക് ഉണ്ടാകാറുള്ളൂ എന്നത് രജതിന്‍റെ നേട്ടത്തിന്‍റെ മാറ്റ് കൂട്ടുന്നു. അടുത്തഘട്ടമായി ഉയര്‍ന്ന റെഡ്ഹാറ്റ് സര്‍ട്ടിഫിക്കേഷനുകളായ റെഡ്ഹാറ്റ് സര്‍ട്ടിഫൈഡ് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് (RHCSS), റെഡ്ഹാറ്റ് സര്‍ട്ടിഫൈഡ് ആര്‍ക്കിടെക്റ്റ് (RHCA) തുടങ്ങിയവയ്ക്ക് വേണ്ടി പരിശ്രമിക്കാനാണ് രജതിന്‍റെ പദ്ധതി.

ടെക് വിദ്യ