മലയാളം വിക്കിയില്‍ 10000 ലേഖനങ്ങള്‍

സ്വതന്ത്ര മലയാളം വിശ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. 2009 ജൂണ്‍ 1-നാണ് വിക്കിപീഡിയ ഈ നേട്ടം കൈവരിച്ചത്.

വിജ്ഞാനകോശമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ഇംഗ്ലീഷ് വിക്കിപീഡിയയുടെ സഹോദരസംരംഭമായി 2002 ഡിസംബര്‍ 21-നാണ് മലയാളം വിക്കിപീഡിയ ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോന്‍ എം.പി. ആയിരുന്നു ഈ പദ്ധതിക്ക് തുടക്കമിട്ടത്. ആറര വര്‍ഷം പിന്നിടുമ്പോള്‍ പതിനായിരം ലേഖനങ്ങള്‍ കടക്കാന്‍ വിക്കിപീഡിയയെ സഹായിച്ചത് ഇക്കാലഘട്ടത്തിനുള്ളില്‍ ഇവിടെയെത്തിയ പതിനായിരത്തിലേറെ വരുന്ന ഉപയോക്താക്കളാണ്.

മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിലെ വിക്കിപീഡിയകളിലും പതിനായിരത്തിലേറെ ലേഖനങ്ങളുണ്ട്. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്തമായി മലയാളം വിക്കിപീഡിയയുടെ പേജ് ഡെപ്ത് 150-നടുത്താണ് എന്നത് ഈ വിജ്ഞാനകോശത്തിലെ ലേഖനങ്ങളുടെ നിലവാരം സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഒന്നാം സ്ഥാനത്താണ് മലയാളം വിക്കിപീഡിയ. കൂടാതെ മൊത്തം വിക്കിപീഡിയകളില്‍ മൂന്നാം സ്ഥാനത്തും.

അറിവിന്റെ ജനകീയവല്‍ക്കരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജിമ്മി വെയില്‍സ്, ലാറി സാംഗര്‍ എന്നിവര്‍ 2001 ജനുവരി 15-ന് തുടക്കമിട്ട വിക്കിപീഡിയ പദ്ധതി ഇപ്പോള്‍ ലോകമാസകലം 229 ഭാഷകളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ഇതില്‍ ഇന്ത്യയിലെ 14 ഭാഷകളും ഉള്‍പ്പെടുന്നു.

മലയാളം വിക്കിപീഡിയ സന്ദര്‍ശിക്കുക.

ടെക് വിദ്യ