ഒരു ഐടി പ്രൊഫഷണല്‍ എന്ന നിലയില്‍ ഞാന്‍ ജീവനക്കാരുടെ കമ്പ്യൂട്ടറും ഇമെയിലും സ്ഥിരമായി നിരീക്ഷിക്കാറുണ്ട് (മോണിറ്ററിംഗ്). ഒരാളുടെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ ചെയ്യപ്പെടുമ്പോള്‍ അയാള്‍ പ്രസ്തുത കമ്പ്യൂട്ടറില്‍ ചെയ്യുന്ന എല്ലാ ജോലികളും മോണിറ്റര്‍ ചെയ്യുന്ന ആള്‍ക്ക് കാണാന്‍ സാധിക്കും. ഇതിന് ചില ഗുണങ്ങളുണ്ട്. ഉദാഹരണമായി ഇമെയില്‍ മോണിറ്റര്‍ ചെയ്യുക വഴി വൈറസുകളും സ്‌പൈവെയറുകളും മറ്റും അടങ്ങിയ അറ്റാച്ച്‌മെന്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഇങ്ങനെ മോണിറ്റര്‍ ചെയ്യുന്നതിനാല്‍ എല്ലായ്‌പ്പോഴും യൂസറിന്റെ കമ്പ്യൂട്ടറുമായി ഡയറക്ട് ബന്ധം സ്ഥാപിക്കേണ്ടിവരുന്നില്ല. എന്തെങ്കിലും പ്രശ്‌നം പരിഹരിക്കേണ്ട അവസ്ഥയില്‍ മാത്രമേ യൂസറുടെ കമ്പ്യൂട്ടറുമായി ബന്ധം സ്ഥാപിക്കേണ്ട ആവശ്യമുള്ളൂ.
ഞാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തരം മോണിറ്ററിംഗിന് ന്യായങ്ങളുണ്ട്. കാരണം സ്ഥാപനത്തിലെ ജീവനക്കാര്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കാണ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എന്നതുതന്നെ. എന്നാല്‍ സ്വകാര്യാവശ്യങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അത് മോണിറ്റര്‍ ചെയ്യപ്പെടുക എന്നത് വലിയൊരു സുരക്ഷാപ്രശ്‌നം തന്നെയാണ്. ലളിതമായ വാക്കുകളില്‍ ഒരാളുടെ സ്വകാര്യതയിലേക്കുള്ള ഇടിച്ചുകയറലാണത്.
ആരെങ്കിലും അശ്ലീല വെബ്‌സൈറ്റുകള്‍ കാണുമ്പോള്‍ ബ്ലോക്ക് ചെയ്യുന്നതും ഇന്‍ബോക്‌സിലേക്ക് വരുന്ന അറ്റാച്ച്‌മെന്റുകള്‍ അവിടെയെത്തുന്നതിനുമുമ്പേ നീക്കം ചെയ്യുന്നതുമൊന്നും മോണിറ്ററിംഗിന്റെ പരിധിയില്‍പ്പെടുന്ന കാര്യമല്ല എന്നുകൂടി മനസ്സിലാക്കുക. ഇവിടെ ചില മാനദണ്ഡങ്ങളനുസരിച്ച് അവയൊക്കെ ഫില്‍റ്റര്‍ ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ.
കമ്പ്യൂട്ടര്‍ മോണിറ്ററിംഗ് എങ്ങനെ കണ്ടെത്താം?
നിങ്ങളുടെ കമ്പ്യൂട്ടര്‍ മറ്റാരെങ്കിലും മോണിറ്റര്‍ ചെയ്യുന്നുണ്ട് എന്ന് സംശയം തോന്നുന്നുണ്ടോ? ഓഫീസിലായാലും വീട്ടിലായാലും നിങ്ങളുടെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതുവഴി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്താന്‍ സാധിക്കും. ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ ചെയ്യപ്പെടുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്താന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണുള്ളത് എന്നു പരിശോധിക്കാം.
ഓപ്പറേറ്റിംഗ് സിസ്റ്റം വഴി
വിന്‍ഡോസ് എക്‌സ്പി സര്‍വീസ് പാക്ക് 2-നും അതിനു മുകളിലും വിന്‍ഡോസ് വിസ്റ്റയിലും വിന്‍ഡോസ് 7-ലുമൊന്നും ഒരേസമയം അനേകം കണക്ഷനുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിനാല്‍ത്തന്നെ നിങ്ങളുടെ സിസ്റ്റത്തിലേക്ക് മറ്റൊരാള്‍ കണക്ട് ചെയ്ത് കയറാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരിട്ട് അറിയാന്‍ സാധിക്കും. ഉദാഹരണമായി നിങ്ങല്‍ എക്‌സ്പിയിലോ വിസ്റ്റയിലോ ലോഗിന്‍ ചെയ്തിരിക്കുമ്പോള്‍ മറ്റൊരാള്‍ വിന്‍ഡോസിന്റെ ബില്‍റ്റ്-ഇന്‍ റിമോട്ട് ഡെസ്‌ക്‌ടോപ്പ് സംവിധാനം ഉപയോഗിച്ച് കണക്ട് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍ത്തന്നെ നിങ്ങളുടെ സ്‌ക്രീന്‍ ലോക്ക് ആകും. അതോടൊപ്പം ആരാണ് കണക്ട് ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന വിവരവും ലഭിക്കും.
പ്രോഗ്രാം മെനുവില്‍നിന്ന്
നിങ്ങളുടെ കമ്പ്യൂട്ടര്‍ മറ്റൊരാള്‍ നിങ്ങളുടെ അറിവില്ലാതെ ഉപയോഗിക്കുകയാണെങ്കില്‍ അതിനായി ഉപയോഗിക്കുന്നത് ഏതെങ്കിലും ഒരു തേഡ് പാര്‍ട്ട് മോണിറ്ററിംഗ് സോഫ്റ്റ്‌വെയറായിരിക്കും. നിങ്ങളുടെ സിസ്റ്റത്തില്‍ ഇവയുടെ പ്രവര്‍ത്തനം വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്.
പ്രോഗ്രാം മെനുവില്‍ ഏതെങ്കിലും മോണിറ്ററിംഗ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുകയാണ് അതിലൊന്ന്. ഇതിനായി നിങ്ങളുടെ സിസ്റ്റത്തിലെ Start മെനുവില്‍ ക്ലിക്ക് ചെയ്ത് All Programs എടുക്കുക. അവിടെ VNC, Real VNC, Tight VNC, Ultra VNC, LogMeIn, TeamViewer, GoToMyPC തുടങ്ങിയ സോഫ്റ്റ്‌വെയറുകളില്‍ ഏതെങ്കിലും ഇന്‍സ്റ്റാള്‍ ആയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആ പ്രോഗ്രാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
സാധാരണഗതിയില്‍ തേഡ് പാര്‍ട്ടി മോണിറ്ററിംഗ് സോഫ്റ്റ്‌വെയറുകളെ റിമോട്ട് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയര്‍, വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് കമ്പ്യൂട്ടിംഗ് സോഫ്റ്റ്‌വെയര്‍ (VNC) എന്നിങ്ങനെയെല്ലാം വിളിക്കാറുണ്ട്. അതിനാല്‍ VNC എന്ന പേരിലുള്ള പ്രോഗ്രാമുകളെല്ലാം സസൂക്ഷ്മമായി വിലയിരുത്തേണ്ടതാണ്.
പല കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കും സോഫ്റ്റ്‌വെയര്‍ എന്തെന്നുപോലും അറിയില്ല. അതിനാല്‍ത്തന്നെ ഇത്തരം സോഫ്റ്റ്‌വെയറുകളുടെ പ്രവര്‍ത്തനം അവര്‍ അവഗണിക്കുകയാണ് പതിവ്. മറ്റു ചിലരാകട്ടെ അത് സിസ്റ്റത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണെന്ന് കരുതി അവയെ വെറുതെ വിടുന്നു. നിങ്ങള്‍ക്ക് സംശയം തോന്നുന്ന ഏതെങ്കിലും പ്രോഗ്രാം നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ google.com-ല്‍ ഒരു സെര്‍ച്ച് നല്‍കി ആ പ്രോഗ്രാമിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
ടാസ്‌ക്ബാര്‍ ഐക്കണ്‍
ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന മോണിറ്ററിംഗ് സോഫ്റ്റ്‌വെയറിന്റെ ഐക്കണ്‍ ടാസ്‌ക്ബാറില്‍ കണ്ടുപിടിക്കുകയാണ് രണ്ടാമത്തെ വഴി. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകളുടെ ഐക്കണുകളാണ് സാധാരണയായി ടാസ്‌ക്ബാറില്‍ കാണാന്‍ സാധിക്കുക.
ടാസ്‌ക്ബാറിലെ ഐക്കണുകളും അനുബന്ധ പ്രോഗ്രാമുകളും നീക്കം ചെയ്യാന്‍ അല്പം ബുദ്ധിമുട്ടായതിനാല്‍ മോണിറ്ററിംഗ് സോഫ്റ്റ്‌വെയറുകളില്‍ പലതിന്റെയും നോട്ടം ഇങ്ങോട്ടായിരിക്കും. അതിനാല്‍ ടാസ്‌ക്ബാറില്‍ (പ്രത്യേകിച്ചും ക്ലോക്ക് സമീപം) പ്രത്യക്ഷമായിരിക്കുന്ന എല്ലാ ഐക്കണുകളും പരിശോധിക്കുക.
ഹിഡ്ഡന്‍ ഐക്കണുകളുണ്ടെങ്കില്‍ അതും പരിശോധിക്കേണ്ടതാണ്. പരിചയമില്ലാത്തവ എന്തെങ്കിലും കണ്ടാല്‍ മുകളില്‍ പറഞ്ഞപോലെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുക.
പോര്‍ട്ടുകള്‍ കണ്ടെത്തുക
ഇനി മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളിലൊന്നും കണ്ടുപിടിക്കാന്‍ സാധിക്കാത്ത ഒരു മോണിറ്ററിംഗ് സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കരുതുക. അവയെ കണ്ടെത്താനും ഒരു മാര്‍ഗ്ഗമുണ്ട്. ഇവയെല്ലാം തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളായതിനാല്‍ ഇവയെ വിന്‍ഡോസ് എക്‌സ്പിയോ വിസ്റ്റയോ വിന്‍ഡോസ് 7-ഓ ആയി കണക്ട് ചെയ്യാന്‍ വേറെ വേറെ കമ്മ്യൂണിക്കേഷന്‍ പോര്‍ട്ടുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. പോര്‍ട്ട് എന്നാല്‍ ഒരു വെര്‍ച്വല്‍ ഡേറ്റാ കണക്ഷനാണ്. ഇതുവഴി കമ്പ്യൂട്ടറുകള്‍ തമ്മില്‍ തമ്മില്‍ വിവരങ്ങള്‍ നേരിട്ട് പങ്കുവെക്കുന്നു.
എക്‌സ്പിയിലും വിസ്റ്റയിലുമെല്ലാം സുരക്ഷയെ മുന്‍നിര്‍ത്തി ബില്‍റ്റ് ഇന്‍ ഫയര്‍വോളിന്റെ സഹായത്തോടോ പല ഇന്‍കമിംഗ് പോര്‍ട്ടുകളും ബ്ലോക്ക് ചെയ്യാവുന്നതാണ്. ഉദാഹരണമായി നിങ്ങള്‍ FTP സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കില്‍ Port 23 ഒരിക്കലും ഓപ്പണ്‍ ആയിരിക്കേണ്ട ആവശ്യമില്ല. അതുപോലെ ഏതൊരു തേഡ് പാര്‍ട്ടി ആപ്ലിക്കേഷനും നിങ്ങളുടെ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുന്നതിന് മുകളില്‍ പറഞ്ഞപോലെ പോര്‍ട്ട് ആവശ്യമാണ്. അതായത് കമ്പ്യൂട്ടറില്‍ അതിനുവേണ്ടി ഒരു പോര്‍ട്ട് ഓപ്പണായിരിക്കണം. ചുരുക്കത്തില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഏതെങ്കിലും മോണിറ്ററിംഗ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പോര്‍ട്ട് ഓപ്പണായിരിക്കും. ഇങ്ങനെ ഓപ്പണായിരിക്കുന്ന പോര്‍ട്ടുകള്‍ കണ്ടുപിടിച്ച് അവയെ ക്ലോസ് ചെയ്താല്‍ പ്രസ്തുത മോണിറ്ററിംഗ് സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സാധിക്കും. ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.
- ആദ്യം Start -> Control Panel -> Windows Firewall എടുക്കുക. ഇപ്പോള്‍ വരുന്ന Windows Firewall ബോക്‌സില്‍ Exceptions ടാബില്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ വിന്‍ഡോസ് ഫയര്‍വോള്‍ ബ്ലോക്ക് ചെയ്യാതെ പ്രവര്‍ത്തിക്കുന്ന വിവിധ പ്രോഗ്രാമുകളുടെ പട്ടികയാണ് ഇവിടെ കാണുക. ഓരോ പ്രോഗ്രാമിന്റെയും ഇടതുവശത്ത് കാണുന്ന ചെക്ക്‌ബോക്‌സില്‍ ടിക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ആ പ്രോഗ്രാം ഓപ്പണാണ്. അതായത് ഫയര്‍വോള്‍ അതിനെ തടയുന്നില്ല, സിസ്റ്റത്തില്‍ പ്രവര്‍ത്തനക്ഷമമാണ്.
ഇനി ഈ പ്രോഗ്രാം ലിസ്റ്റ് പരിശോധിച്ച് നിങ്ങള്‍ക്ക് പരിചയമില്ലാത്തതോ അല്ലെങ്കില്‍ മുകളില്‍ പരാമര്‍ശിച്ച ഏതെങ്കിലും മോണിറ്ററിംഗ് പ്രോഗ്രാമുകളോ ഉണ്ടോ എന്ന് നോക്കുക. അവയെ കണ്ടെത്തിക്കഴിഞ്ഞാല്‍ അതിന്റെ ചെക്ക്‌ബോക്‌സില്‍ ടിക്ക് ഒഴിവാക്കുക. ഇതോടെ പ്രോഗ്രാം ക്ലോസ്ഡ് ആയി. ഇനി വിന്‍ഡോസ് ഫയര്‍വോള്‍ ആ പ്രോഗ്രാമിനെ നിങ്ങളുടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ല.
പ്രോസസ് കണ്ടുപിടിക്കുക
നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനായി അതിന്റെ പേരില്‍ ഏതെങ്കിലും Process റണ്‍ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഇതിനായി
- വിന്‍ഡോസ് ടാസ്‌ക് മാനേജര്‍ എടുക്കുക. (Ctrl + Alt + Delete അല്ലെങ്കില്‍ Ctrl + Shift + Esc).
- ഇപ്പോള്‍ ലഭിക്കുന്ന Windows Task Manager വിന്‍ഡോയില്‍ Porcesses ടാബ് ക്ലിക്ക് ചെയ്യുക.

- നിങ്ങളുടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രോഗ്രാമുകളുടെയും പ്രോസസിംഗ് പട്ടിക ഇപ്പോള്‍ ലഭ്യമാകും. ഇതില്‍ User Name എന്ന ഒരു കോളം കാണാം. സാധാരണഗതിയില്‍ നിങ്ങളുടെ സിസ്റ്റത്തിന്റെ യൂസര്‍ നെയിം, LOCAL SERVICE, NETWORK SERVICES, SYSTEM എന്നിവ മാത്രമേ ഈ കോളത്തിലുണ്ടാകുകയുള്ളൂ. ഇതിനുപുറമെ ഏതെങ്കിലും കണ്ടാല്‍ പ്രസ്തുത പ്രോഗ്രാം നിങ്ങളുടെ അറിവോടുകൂടിയല്ലാതെ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം.
ഓഫീസുകളിലും മറ്റും കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇത്തരത്തിലുള്ള മുന്‍കരുതലുകളെല്ലാമെടുത്താലും കമ്പനിയിലെ ഐടി ടീം നിങ്ങളുടെ സിസ്റ്റം മോണിറ്റര്‍ ചെയ്യുക തന്നെ ചെയ്യും. അത് കമ്പനിയുടെ വിശാലതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. നിങ്ങളുടെ സ്വകാര്യകാര്യങ്ങളൊന്നും തന്നെ കമ്പനിയിടപാടുകളില്‍ പ്രസക്തമല്ലല്ലോ. അതിനാല്‍ ഇത്തരം അവസരങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഇ-മെയില്‍ അയയ്ക്കുമ്പോഴും വെബ്‌സൈറ്റ് ബ്രൗസ് ചെയ്യുമ്പോഴുമെല്ലാം മിതത്വം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഇതും വായിക്കുക: ഇമെയില്‍, വെബ്‌സൈറ്റ് മോണിറ്ററിംഗ്



nalla abiprayamanu